തിരുവനന്തപുരം: തൻ്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന് ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യദു പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരമായിരുന്നു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാതെ വന്നതോടെ യദു കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച് കയറിയെന്നുമാണ് പരാതി. സച്ചിന് ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു .