തിരുവനന്തപുരം: പ്രണയപ്പകയുടെ പേരിൽ അതിക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ അനുസ്മരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട മേയർ ആര്യാ രാജേന്ദ്രന് നേരെ സൈബർ ആക്രമണം. പ്രണയം നിഷേധിക്കാൻ പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ അവകാശമുണ്ടെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. മേയറുടെ മുൻ സുഹൃത്തും എസ്എഫ്ഐ നേതാവുമായിരുന്ന ശരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എടുത്താണ് വൻ സൈബർ ആക്രമണം നടത്തുന്നത്. സൗഹൃദം അവസാനിപ്പിച്ച മേയർ സച്ചിൻ ദേവ് എം.എൽ.എയെ വിവാഹം കഴിച്ചതിനെ സൂചിപ്പിച്ചാണ് ആക്രമണം നടത്തുന്നത്.
വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകത്തിലെ പ്രതിയെ ന്യായീകരിക്കുന്ന രീതിയിലാണ് പല കമന്റുകളും വന്നിരിക്കുന്നത്. വിഷ്ണുപ്രിയയ്ക്കു സപ്പോർട്ടുമായി ആര്യ ഇട്ട പോസ്റ്റിനെ വാർത്തയാക്കിയ മാധ്യമങ്ങളുടെ കമന്റ് ബോക്സുകളിലും ആര്യയ്ക്കെതിരായ സൈബർ ആക്രമണം നിറയുന്നുണ്ട്. എല്ലാ പോസ്റ്റുകളിലും സൈബർ ആക്രമണമാണ് ഇപ്പോൾ നടത്തുന്നത്. ഈ പോസ്റ്റുകളിൽ നിറയുന്നത് ആര്യയ്ക്കെതിരായ വിമർശനത്തിന് ഒപ്പം, കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ അപകീർത്തിപ്പെടുത്തുന്ന കമന്റുകളുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും.
അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ അവൾ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം ബലത്തിൽ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാൻ സാമൂഹ്യമാധ്യമത്തിലൂടെ അവൾക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാർ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റേതെങ്കിലും ഒരു പെൺകുട്ടി ഇരയാവുക തന്നെ ചെയ്യും.
ജീവിതത്തിൽ ‘yes’ എന്ന് മാത്രമല്ല ‘No’ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് ‘പ്രണയം’. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണം…