തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയത്. കേസ് എടുത്തില്ലെങ്കിലും മേയർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവർത്തിക്കുന്നത്. അതിനിടെ ബസ് സർവീസ് തടഞ്ഞ മേയർക്കും എംഎൽഎക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെ എസ് യു പരാതി നൽകിയിരുന്നു. നടുറോഡിൽ ബസ്സിന് മുന്നിൽ മേയറുടെ കാർ കുറുകെ നിർത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയർത്തിയിരുന്നു. വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകൾ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവർ യദു രംഗത്തെത്തുകയായിരുന്നു.