തിരുവനന്തപുരം: അക്ഷയ സെന്‍റർ, ഫ്രണ്ട്സ് കേന്ദ്രങ്ങള്‍ വഴി വൈദ്യുതി ചാർജ് സ്വീകരിക്കുന്നത് ഒഴിവാക്കാൻ കെ.എസ്.ഇ.ബി തീരുമാനം.ഈ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന തുക യഥാസമയം കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് കൈമാറാത്ത സാഹചര്യത്തിലാണിത്. അക്ഷയ വഴി വൈദ്യുതി ചാർജ് അടയ്ക്കാൻ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷനും കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡും തമ്മില്‍ 2013ലാണ് കരാറുണ്ടാക്കിയത്.ഇത് പ്രകാരം അക്ഷയ സെൻററില്‍ ശേഖരിക്കുന്ന തുക കലക്ഷൻ ദിവസം തന്നെ ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് അയക്കണം. പിരിച്ചെടുത്ത പണം കെ.എസ്.ഇ.ബിക്ക് നല്‍കുന്നതിലെ കാലതാമസം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ കെ.എസ്.ഇ.ബി ഇടപെടല്‍ നടന്നെങ്കിലും പിരിച്ചെടുത്ത തുക വൈകുന്നത് തുടർന്നു. പണം അക്കൗണ്ടിലെത്താത്തതിനാല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയുമുണ്ടായി. 2013ലെ കരാർ പുതുക്കാൻ കെ.എസ്.ഐ.ടി.എം തയാറായതുമില്ല. തുടർന്നുള്ള കത്തിടപാടുകളിലും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് അക്ഷയ സേവനം വേണ്ടെന്ന് വെക്കാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം. അതേസമയം ഓണ്‍ലൈൻ രീതികള്‍ പരിചയമില്ലാത്ത സാധാരണക്കാരില്‍ വലിയൊരു ശതമാനം അക്ഷയ സെൻററുകളെയാണ് പണമടക്കാൻ ആശ്രയിച്ചിരുന്നത്. പലയിടങ്ങളിലും കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ എണ്ണം കുറക്കുകയും ചെയ്തിരുന്നു. കെ.എസ്.ഇ.ബി തീരുമാനം അക്ഷയ സെൻററുകളെ ആശ്രയിച്ചവർക്ക് തിരിച്ചടിയാണ്.