സംക്രാന്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എം.സി റോഡിൽ സംക്രാന്തി ജംഗ്ഷനിൽ മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു തിരിയുന്ന ഭാഗത്തായിരുന്നു അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയതായിരുന്നു തിടനാട് പഞ്ചായത്തിന്റെ ആംബുലൻസ്. ഈ ആംബുലൻസ് റോഡിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് തിരിയുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ഒരു വശം പൂർണമായും തകർന്നു. ഈ സമയം ലോറിയുടെ അതേ ദിശയിൽ നിന്നെത്തിയ കാറിലും ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആംബുലൻസിനുള്ളിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിലാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു എം.സി റോഡിൽ സംക്രാന്തി ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. മൂന്നു വാഹനങ്ങളും റോഡിൽ കിടന്നതാണ് ഗതാഗത തടസത്തിന് ഇടയാക്കിയത്.