പത്തനംതിട്ട : പന്തളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഓട്ടോ ഡ്രൈവറായ പന്തളം മുടിയൂർക്കോണം അറത്തിൽ മുക്കിനു സമീപം കളീക്കൽ രാജു (48) ആണു മരിച്ചത്. കുളനട ഒന്നാം പുഞ്ചയ്ക്കും ഓർത്തഡോക്സ് പള്ളി ചാപ്പലിനുമിടയ്ക്ക് എംസി റോഡിൽ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടതിനു ശേഷം, അടുത്തുള്ള കടയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു രാജു. ഓട്ടോയുടെ ഇടതു വശത്തു ചാരി നിന്നു പോക്കറ്റിൽ നിന്നു പണം എടുത്തു കൊണ്ടിരിക്കെ ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കാർ അമിത വേഗത്തിലെത്തി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കൈവരിയ്ക്കും ഓട്ടോറിക്ഷയ്ക്കുമിടയിൽ ഞെരുങ്ങിയാണു മരണം സംഭവിച്ചത്. പരിക്കേറ്റ രാജുവിനു പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുമ. മക്കൾ: വിദ്യാർഥികളായ രേഷ്മ, രജീഷ്.