കോട്ടയം : എം.സി റോഡിൽ കോട്ടയം നീലിമംഗലത്ത് വാഹനാപകടം. ഓട്ടോ റിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പറമ്പാലം സ്വദേശി ജയനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങൾ റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ കൊണ്ട് പോകാൻ വൈകിയെന്ന് ആരോപിച്ച് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിന് ഇടയാക്കി.
വെളിയാഴ്ച രാത്രി എട്ട് മണിയോടെ എം.സി റോഡിൽ നീലിമംഗലം പാലത്തിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും വന്ന കാർ ഏറ്റുമാനൂർ ഭാഗത്തു നിന്നു വന്ന ആപ്പേ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അബോധാവസ്ഥയിലായതായി നാട്ടുകാർ ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , കാർ യാത്രക്കാരൻ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.