കോട്ടയം: എം.സി റോഡിൽ മണിപ്പുഴയ ലുലുമാളിന് സമീപം നിയന്ത്രണം നഷ്ടമായ കാർ അമിത വേഗത്തിലെത്തി സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ കാർ തടഞ്ഞു വച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടു കൂടി കോട്ടയം മണിപ്പുഴയിൽ എം.സി റോഡിൽ ലുലുമാളിനു സമീപമായിരുന്നു സംഭവം.
കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവിടെ നിർത്തിയിട്ട സ്‌കൂട്ടറിലും, എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ റോഡിൽ വീണെങ്കിലും വലിയ അപകടങ്ങൾ ഉണ്ടായില്ല. ഇതേ തുടർന്ന് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ ചേർന്ന് വാഹനം തടഞ്ഞു വച്ചു. തുടർന്ന് വിവരം ചിങ്ങവനം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കാറിനുള്ളിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവർ മൂന്നു പേരും മദ്യപിച്ചിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. കഴിഞ്ഞ ദിവസം മണിപ്പുഴ ജംഗ്ഷനിൽ സമാന രീതിയിൽ അമിത വേഗത്തിൽ മദ്യപിച്ച് കാറോടിച്ച യുവാവ് ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചു തെറുപ്പിച്ചിരുന്നു. ഇതിന് സമാനമായ അപകടമാണ് ഇന്ന് മീറ്ററുകൾ മാത്രം ദൂരെ ലുലുമാളിന് മുന്നിൽ ഉണ്ടായത്.