കുമളി: ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ ബൈക്കിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് അംഗം സൗമ്യയും (33) കാമുകനായ പ്രവാസി മലയാളി വിനോദും (43) ചേർന്ന് സൗമ്യയുടെ ഭർത്താവായ തൊട്ടാപ്പുരയ്ക്കൽ സുനിലിനെ കള്ളക്കേസിൽ കുടുക്കാനാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ അഞ്ചുഗ്രാം എം.ഡി.എം.എ ഒളിപ്പിച്ചത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
സൗമ്യയെയും മയക്കുമരുന്ന് എത്തിച്ചുനൽകിയ കൊല്ലം വേങ്ങക്കര റഹിയ മൻസിലിൽ എസ്. ഷാനവാസ് (39),? കൊല്ലം മുണ്ടക്കൽ അനിമോൻ മൻസിലിൽ എസ്. ഷെഫിൻഷാ (24) എന്നിവരെയും വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാംപ്രതിയായ വിനോദ് വിദേശത്തായതിനാൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ പങ്ക് വ്യക്തമായതോടെ സൗമ്യയുടെ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവയ്പ്പിച്ചതായി എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗമ്യയും അയൽവാസിയായിരുന്ന വിനോദും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലാണ്. വിദേശത്ത് ഉന്നത ജോലിയുള്ള വിനോദുമായി സൗമ്യ ഫോൺ വഴി ബന്ധം വളർത്തിയെടുക്കുകയായിരുന്നു. ഭർത്താവായ സുനിലിനെ ഏതുവിധേനയും ഒഴിവാക്കുകയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സുനിലിനെ കൊലപ്പെടുത്താനാണ് ഇരുവരും ആദ്യം പദ്ധതിയിട്ടത്. വാഹനം ഇടിപ്പിച്ചോ അല്ലെങ്കിൽ വിഷം നൽകിയോ കൊല്ലാമെന്ന് തീരുമാനിച്ചു. എന്നാൽ പിടിക്കപ്പെടുമോയെന്ന ഭയത്താൽ പിൻമാറുകയായിരുന്നു.
തുടർന്ന് നാട്ടിലെത്തിയ വിനോദ് സൗമ്യയെ എറണാകുളത്തെ ആഡംബര ഹോട്ടലിൽ എത്തിച്ച് ഇവിടെ വച്ച് സുനിലിനെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടു. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചു. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തായ ഷാനവാസാണ് ഷെഫിൻഷാ മുഖേന എറണാകുളത്ത് നിന്ന് 45,?000 രൂപയ്ക്ക് വാങ്ങിയ എം.ഡി.എം.എ വിനോദിനും സൗമ്യയ്ക്കും കൈമാറിയത്.
22ന് രാവിലെയാണ് ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ബൈക്കിൽ നിന്ന് ഡാൻസാഫ് ടീം മയക്കുമരുന്ന് കണ്ടെത്തിയത്. വിനോദിന്റെയും ഷാനവാസിന്റെയും ബുദ്ധിയായിരുന്നു വിദേശ നമ്പറിൽ നിന്നുള്ള ശബ്ദ സന്ദേശം.