കോട്ടയം: നാലു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത് ‘പ്രവർത്തിച്ച്’ തുടങ്ങിയ കോടിമതയിലെ ആധുനിക അറവുശാല തുറക്കാൻ ഇനിയും ഏഴു മാസം കൂടി അധികം വേണമെന്ന് കോട്ടയം നഗരസഭ. ഏഴല്ല എട്ടു മാസം പിടിച്ചോ , പക്ഷേ കൃത്യമായി തുറക്കണമെന്ന് ഹൈക്കോടതിയും. സാധാരണക്കാരെ കബളിപ്പിച്ച് വർഷങ്ങളോളമായി ഇനിയും തുറക്കാത്ത കോട്ടയം നഗരസഭയിലെ ആധുനിക അറവുശാല അടിയന്തരമായി തുറക്കാനാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചിരിക്കുന്നത്.
ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ സലിം ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി കോട്ടയം നഗരസഭയിൽ അറവുശാല പ്രവർത്തിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ വാദനങ്ങളാണ് ഹൈക്കോടതി ഇപ്പോൾ സ്വീകരിച്ച് വിധി പറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരസഭയിലെ ആധുനിക അറവുശാല സംബന്ധിച്ചുള്ള അടിയന്തര നടപടികളുമായി ബന്ധപ്പെട്ട് 2019 ലാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർന്ന്, കോടതി ഇടപെട്ടതോടെ മൂന്നു കോടിയിൽ അധികം മുടക്കി നഗരസഭ കെട്ടിടം പണിയുകയും യന്ത്ര സാമഗ്രികൾ എത്തിക്കുകയും ചെയ്തു. തുടർന്ന്, ആർഭാടത്തോടെ നഗരസഭ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ ക്ഷണിച്ചു വരുത്തി ആധുനിക അറവുശാലയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു.
എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞിട്ടും വിവിധ അനുമതികളുടെ പേരിൽ കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തെ ആധുനിക അറവുശാല തുറന്നു നൽകാൻ നഗരസഭ തയ്യാറായില്ല. കോടതിയിലെ കേസ് ആകട്ടെ വിവിധ ന്യായങ്ങൾ പറഞ്ഞ് നഗരസഭ നീട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ഹരിശങ്കർ വി.മേനോൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴു മാസത്തിനുള്ളിൽ ആധുനിക അറവുശാല തുറക്കുമെന്നാണ് കോട്ടയം നഗരസഭ കോടതിയിൽ അവകാശപ്പെട്ടത്. എന്നാൽ, ഒരു മാസം കൂടി അധികം അനുവദിച്ച ഹൈക്കോടതി, എട്ടു മാസത്തിനകം തുറക്കണമെന്ന കർശന നിർദേശവും നൽകി. സാധാരണക്കാർക്ക് ഭക്ഷണം അവകാശമാക്കാനുള്ള നല്ല ഭക്ഷണം കഴിക്കാനുള്ള പോരാട്ടമാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നടത്തുന്നതെന്ന് ദേശീയ പ്രസിഡന്റ് എം.എ സലിം പറഞ്ഞു. അതോടൊപ്പം ഒരു വിഭാഗം വ്യാപാരികൾക്ക് പ്രതിസന്ധി ഒഴിവാകുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.