റോം: മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്ന കള്ളൻ പിടിയിലായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളന് പിടിവീണത്. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം. ഉറക്കത്തിനിടെ ഞെട്ടിയുണർന്ന 71-കാരനായ വീട്ടുടമയാണ് പുസ്തകം വായിച്ചിരുന്ന കള്ളനെ കണ്ടത്. തുടർന്ന് കള്ളൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വൈകാതെ പിടിയിലാകുകയായിരുന്നു. ഒരു പരിചയക്കാരനെ കാണാനായാണ് താൻ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഗ്രീക്ക് കവിയായ ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യത്തെക്കുറിച്ച് ഇറ്റാലിയൻ എഴുത്തുകാരനായ ജിയോവന്നി നുച്ചി എഴുതിയ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒക്ലോക്ക് എന്ന പുസ്തകമാണ് കള്ളൻ വായിച്ചത്. അറസ്റ്റിലായ കള്ളന് പുസ്തകത്തിന്റെ ഒരു കോപ്പി നൽകണമെന്നും അയാൾ അത് വായിച്ച് പൂർത്തിയാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന്, വാർത്ത അറിഞ്ഞ ജിയോവന്നി നുച്ചി പറഞ്ഞു. ഗ്രീക്ക് പുരാണത്തിലെ കള്ളന്മാരുടെ സംരക്ഷകനായ ദൈവമായ ഹെർമീസാണ് നുച്ചിയുടെ പ്രിയപ്പെട്ട കഥാപാത്രമെന്നതും കൗതുകമായി.