കൊച്ചി : സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തളളി. ഇതോടെ മീഡിയ വണ്ണിന്റെ വിലക്ക് തുടരും. സംപ്രേഷണം പുന:രാരംഭിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൽ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയാണെന്നും ഹർജിക്കാരോട് പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ അഭിഭാഷകൻ മുദ്രവെച്ച കവറിൽ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതോടെ മീഡിയാ വൺ ചാനൽ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.
ജനുവരി 31 നാണ് മീഡിയാ വണ്ണിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളെ തുടർന്ന് ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്.