ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. സംപ്രേഷണ വിലക്കിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി മുന്‍പ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനല്‍ ഉടമകള്‍ സുപ്രീം കോടതിയിലെത്തിയത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാനലിനു വേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരാകുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ കൊഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ചാനല്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തുന്ന വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ജനുവരി 31നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണം വിലക്കിയത്. ഇതിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താത്കാലികമായി വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷം നിരോധനം ശരിവെക്കുകയായിരുന്നു. ഉപഗ്രഹ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ചാനല്‍ സജീവമാണ്.