ഏറ്റുമാനൂർ : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കുപുറം ആയുർവേദ ആശുപത്രിയും , അതിരമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും , സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി മാനസികാരോഗ്യം, ജീവിതശൈലീ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ ബേബിനാസ് അജാസ്, ഐസി സാജൻ, അശ്വതിമോൾ കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ , ഡോ.ശ്രീദേവി എം , ഡോ.സ്മിത ജി. പണിക്കർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.