മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ അൻവർ തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു. താൻ എൽഡിഎഫ് വിട്ടിട്ടില്ല. പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിയില്ല. പാർട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
പാർട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന ബാലൻ്റെ ആരോപണത്തിനും അൻവർ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആണെന്ന ആരോപണത്തിൽ നിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. നേരത്തെ, പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.