വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു ബാഗ്. ആ ബാഗിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ ചർച്ച പൊടിപൊടിക്കുകയാണ്. വൈറ്റ് ഹൗസിന്റെ രണ്ടാമത്തെ നിലയിലെ ജനാല വഴിയാണ് കറുത്തനിറത്തിലുള്ള ബാഗ് പുറത്തേക്ക് വീണത്. യുഎസിന്റെ ലേബർ ഡേ ആയ സെപ്റ്റംബർ ഒന്നാംതീയതിയായിരുന്നു സംഭവം. ബാഗ് താഴേക്ക് വന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതീവസുരക്ഷാമേഖലയിലുണ്ടായ, പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനമായിരുന്നിട്ടുകൂടി സീക്രട്ട് സർവീസോ വൈറ്റ് ഹൗസോ വിഷയവുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. അതേസമയം, ഈ അസാധാരണ സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തമാശകളും കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈറ്റ് ഹൗസില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍, നിർമാണ അവശിഷ്ടങ്ങളുള്ള ബാഗാകാം താഴേക്ക് വീണതെന്നാണ് ചിലർ പറയുന്നത്. എന്നാല്‍ ഇത് ക്ലാസിഫൈഡ് ഡോക്യുമെന്റുകളോ എപ്സ്റ്റീൻ ഫയലുകളോ ആകാമെന്ന് തമാശ പറയുന്നവരുമുണ്ട്. ഇനി മറ്റുചിലർ പറയുന്നത്, ട്രംപിന്റെ ഭാര്യ മെലാനിയ, വൈറ്റ് ഹൗസില്‍നിന്ന് രക്ഷപ്പെടുന്നതാകാമെന്നാണ്. എന്തായാലും സാമൂഹികമാധ്യമങ്ങളെ ഊഹാപോഹങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് വൈറ്റ്ഹൗസില്‍നിന്ന് പുറത്തുവന്ന ആ ബാഗ്.