മേലുകാവ്: വീട് കയറി ആക്രമിച്ച കേസിലെ നാലു പ്രതികൾ കൂടി അറസ്റ്റിൽ. മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ നാലു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അതിരമ്പുഴ ഓണംതുരുത്ത് ഭാഗത്ത് മേടയിൽ വീട്ടിൽ പാസ്‌കൽ മകൻ അലക്‌സ് പാസ്‌കൽ (21), അതിരമ്പുഴ കോട്ടമുറി ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ബോബൻ മകൻ ആൽബിൻ.കെ. ബോബൻ (24), ഓണം തുരത്ത് ഭാഗത്ത് തൈവേലിക്കകത്ത് വീട്ടിൽ ജിജോ ജോസ് മകൻ നിക്കോളാസ് ജോസഫ് (21), അതിരമ്പുഴ ആനമല ഭാഗത്ത് വെണ്ണക്കൽ വീട്ടിൽ ബൈജു മകൻ ആൽബർട്ട് (21) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. ഈ നാലുപേരെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിൽ മൊത്തം 11 പ്രതികളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കി ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരിൽ ആൽബർട്ടിനെ കേരളത്തിൽ നിന്നും ബാക്കി മൂന്നു പേരെ ബാംഗ്ലൂരിൽ നിന്നുമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളിൽ ഒരാളായ ആൽബിൻ കെ ബോബന് ഏറ്റുമാനൂർ,മരങ്ങാട്ടു പള്ളി എന്നിവിടങ്ങളിലായി എട്ടു കേസുകളും, അലക്‌സ് പാസ്‌കലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട്, ചേർപ്പ് എന്നിവിടങ്ങളിൽ ആയി പതിമൂന്നു കേസുകളും, നിക്കോളാസ് ജോസഫിന് ഏറ്റുമാനൂർ,ചേർപ്പ് എന്നിവിടങ്ങളിലായി ഏഴ് കേസുകളും നിലവിലുണ്ട്. ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്‌സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു എന്നിവരെ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
പാലാ ഡി.വൈ.എസ്.പി. ഗിരീഷ് പി. സാരഥി,മേലുകാവ് എസ്.എച്ച്. ഓ. രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ മാരായ അഭിലാഷ്, അജിത്ത് സി.പി. ഓ മാരായ ജോബി, ബൈജു, ശ്യാം, രഞ്ജിത്ത്, ശ്രാവൺ, നിതാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.