കോട്ടയം: കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും ജനകീയനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകളിൽ തിളങ്ങി തിരുനക്കര. തിരുനക്കര മൈതാനത്ത് പുരോഗമിക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിലേയ്ക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്നുള്ള സാധാരണക്കാരും , പാർട്ടി പ്രവർത്തകരും നേതാക്കളും അടക്കമുള്ളവർ ഇതിനോടകം തന്നെ തിരുനക്കരയിലെ വേദിയിലേയ്ക്ക് എത്തിക്കഴിഞ്ഞു.
തിരുനക്കരയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ , അലങ്കരിച്ച മണ്ഡപത്തിൽ കെ.എം മാണിയുടെ പൂർണകായ കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഈ കട്ടൗട്ടിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കിയത്. രാവിലെ ഏഴു മണിയോടെ പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും പാലായിലെ പള്ളിയിൽ എത്തി കെ.എം മാണിയുടെ ഓർമ്മ പുതുക്കുന്ന പ്രാർത്ഥനകളിലും ചടങ്ങുകളിലും പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് തിരുനക്കര മൈതാനത്ത് അനുസ്മര പരിപാടികളുടെ ഭാഗമായുള്ള കെ.എം മാണി സ്മൃതി സംഗമം ആരംഭിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ , മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും പാർട്ടിയുടെ വിവിധ നേതാക്കളും പ്രവർത്തകരും പരിപാടികളിൽ സജീവമായി. വേദിയിൽ ഗായകരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കെ.എം മാണിയുടെ വിവിധ കാലഘട്ടങ്ങളെ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശനവും ചടങ്ങിൽ നടന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊവിഡ് കവർന്നതിനാൽ, ഇക്കുറി വിപുലമായ പരിപാടികളാണ് കെ.എം മാണിയുടെ ഓർമ്മദിനത്തിൽ കേരള കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ നേതാക്കളും പ്രവർത്തകരും ഉപവാസം ഇരിക്കും.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകരും സാധാരണക്കാരുമാണ് അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാനായി കോട്ടയത്തേയ്ക്ക് ഒഴുകിയെത്തി. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ചെറുചടങ്ങുകളും, അനാഥാലയങ്ങളിലെ അന്നദാനവും മാത്രമായി ഒതുങ്ങിയിരുന്ന ചടങ്ങുകളാണ് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതോടെ എല്ലാവർക്കും മാതൃകയാക്കാവുന്ന രീതിയിൽ നടക്കുന്നത്.