പനച്ചിക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം വരുന്നതിനും മുൻപേ ആർത്തവ ശുചിത്വ പരിപാലനത്തിനു വേണ്ടി പദ്ധതി
തയ്യാറാക്കി നടപ്പിലാക്കിയെന്ന നേട്ടവുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . 2022 – 23 ലെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ശ്രദ്ധേയമായ വനിതാ പദ്ധതിയായി മാറിയ മെൻസ്ട്രുവൽ കപ്പ് (ആർത്തവ കപ്പ് ) വിതരണമാണ് പഞ്ചായത്ത് നടപ്പിലാക്കിയത് .
1.8 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി പഞ്ചായത്ത് നീക്കിവച്ചത്. 2023 – 2024 വർഷം പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ടു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിൽ നിന്നുമാണ് ആർത്തവ കപ്പ് വാങ്ങിയത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപണിയിൽ 400 രൂപയിലധികം വില വരുന്ന ആർത്തവ കപ്പ് ഗ്രാമസഭകളിൽ അപേക്ഷ നൽകി ഗുണഭോക്താക്കളായ 600 വനിതകൾക്ക് സൗജന്യമായാണ് ആദ്യ ഘട്ടം നൽകുന്നത് . സാനിറ്ററി പാഡുകളുടെ ചിലവ് , അവ ഉപയോഗിക്കുന്നതു മൂലമുള്ള സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകൾ , ഉപയോഗിച്ച പാഡുകളുടെ നിർമ്മാർജ്ജനം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്ന ആർത്തവ കപ്പുകൾ മെഡിക്കൽ ഗ്രേയ്ഡ് സിലിക്കൺ റബ്ബർ കൊണ്ട് നിർമ്മിച്ചതും അഞ്ചു മുതൽ പത്ത് വർഷം വരെ പുനരുപയോഗിക്കാവുന്നതുമാണ് .
പദ്ധതിയുടെ ഉദ്ഘാടനം ആർത്തവ കപ്പ് വിതരണം ചെയ്ത് ജില്ലാ കലക്ടർ പി കെ ജയശ്രീ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എൽ എൽ പബ്ലിക്ക് ഹെൽത്ത് സ്പെഷലിസ്റ്റ് ട്രയിനർ ഐശ്വര്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ് , പഞ്ചായത്തംഗങ്ങളായ ശാലിനി തോമസ് , ഡോ. ലിജി വിജയകുമാർ , മെഡിക്കൽ ഓഫീസർ ഡോ. അനുഷ് കുടകശേരിൽ എന്നിവർ പ്രസംഗിച്ചു.