വയനാട് : മേപ്പാടി പോളിടെക്നിക്ക്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ എക്സൈസ് പരിശോധന ശക്തമാക്കി. വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എക്സൈസ് നടപടി. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വയനാട് എക്സൈസ് സ്പെഷ്യല്‍സ്ക്വാഡും കല്‍പ്പറ്റ എക്സൈസ് റേഞ്ചും എക്സൈസ് ഇന്റ്ലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് മേപ്പാടി പോളിടെക്നിക് കോളേജിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളിലും അന്വേഷണവും പരിശോധനകളും നടത്തിയത്.
എക്സൈസ് അധികൃതര്‍ കോളേജ് അധികൃതരുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. 600 ഓളം വരുന്ന വിദ്യാര്‍ഥികളില്‍ 500 ഓളം പേരും അന്യ ജില്ലയില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗം ആണ്‍കുട്ടികളും കോളേജ് പരിസരത്തായി വാടക വീടുകളിലാണ് താമസിക്കുന്നത്. കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലും കോളേജ് പരിസരത്തും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.