“മെസി വരും; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല; മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്”; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Advertisements

അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘അർജൻ്റീന ടീം മാനേജ്മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തു നിൽക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധയെന്നും റിപ്പോർട്ടർ കമ്പനിയാണ് അർജൻറീന ടീമുമായി കരാറിലൊപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അർജൻറീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‍ർ‌ത്തു. 

സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. കൊച്ചിയും തിരുവന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളതെന്നും അതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ബെംഗളുരു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് വ്യക്തമാക്കി. നിലവിൽ ഒക്ടോബറിൽ തന്നെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന്‍ കൂട്ടിചേ‍‌ർത്തു.

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു എന്ന് ഇന്നലെ മന്ത്രി ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇവന്റ് സ്പോണ്‍സര്‍ ചെയ്യുമെന്നറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചര്‍ച്ചകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ടുവെച്ചതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അര്‍ജന്റീന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. അതിന് ശേഷമായിരിക്കും തീയതി അനുവദിച്ച് നല്‍കുക. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തീയതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Hot Topics

Related Articles