കൊച്ചി: ക്വാറി ഉല്‍പന്നങ്ങളുടെ കൊള്ളവിലക്കെതിരെ കര്‍ശന നടപടിക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചെന്ന് പ്രചരിപ്പിച്ച് വിലവര്‍ധിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പരാതി ഉയരുന്ന ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഇവരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ജില്ല കലക്ടര്‍മാര്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏഴു വര്‍ഷത്തിനിടെ സര്‍ക്കാര്‍ റോയല്‍റ്റി, ലൈസന്‍സ് ഫീസുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അവസാനം റോയല്‍റ്റി ഫീസ് വര്‍ധിപ്പിച്ചത് ചതുരശ്രയടിക്ക് 1.10 രൂപയും ഡീലേഴ്സ് ലൈസന്‍സ് ഫീസ് വര്‍ധന 18 പൈസ മുതല്‍ 48 പൈസ വരെയുമാണ്.
എന്നാല്‍, സര്‍ക്കാര്‍ ഈ ഫീസുകള്‍ അമിതമായി വര്‍ധിപ്പിച്ചു എന്ന വാദമുയര്‍ത്തി വിപണിയില്‍ ഉല്‍പാദകരും വിതരണക്കാരും ചേര്‍ന്ന് ചതുരശ്രയടിക്ക് അഞ്ചു മുതല്‍ 15 രൂപയാണ് വര്‍ധിപ്പിച്ചത്. വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്‍റെ പുതിയ നീക്കം. റോയല്‍റ്റി ഫീസ് വര്‍ധനക്ക് ആനുപാതികമായല്ലാതെ അമിത വില ഈടാക്കുന്ന ഉല്‍പാദകരെയും വിതരണക്കാരെയും നിരീക്ഷിക്കാനും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് വ്യവസായ സെക്രട്ടറി ജില്ല കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചതുരശ്രയടിക്ക് 20 രൂപയുടെ വര്‍ധനയാണ് കരിങ്കല്ലടക്കമുള്ളവക്ക് ഉണ്ടായത്. കേരളത്തിലെ ക്വാറികള്‍ പ്രതിസന്ധിയിലായതോടെ തമിഴ്നാട്ടില്‍നിന്ന് കല്ലെത്തിച്ചാണ് ഇവിടെ വില്‍പന. മൂന്ന് വര്‍ഷം മുമ്ബ് ചതുരശ്രയടിക്ക് 25-30 വിലയില്‍ വിറ്റിരുന്ന കല്ലുകള്‍ക്കിപ്പോള്‍ 60 രൂപയാണ് വില. ക്രഷര്‍ ഉല്‍പന്നങ്ങളുടെ അവസ്ഥയും ഇത് തന്നെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേതുടര്‍ന്ന് നിര്‍മാണ മേഖല പ്രതിസന്ധിയിലാകുകയും വ്യാപക പരാതി ഉയരുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. എന്നാല്‍, സര്‍ക്കാര്‍ ഫീസുകള്‍ വര്‍ധിപ്പിച്ചതിന്‍റെ പേരിലല്ല ക്വാറി മേഖലയിലെ വിലവര്‍ധനയെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ വാദം. സംസ്ഥാനത്ത് ആറായിരത്തോളമുണ്ടായിരുന്ന ക്വാറി അനുബന്ധ വ്യവസായങ്ങള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ അറുനൂറായി കുറഞ്ഞതായും ഇവർ പറയുന്നു.
ഗതാഗതനിയമങ്ങളുടെ പേരിലും മൈനിങ് ആന്‍ഡ് ജിയോളജി വിവിധ കാരണങ്ങളുടെ പേരിലും ചുമത്തുന്ന പിഴകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. വലിയ ടോറസ് ലോറികളില്‍ 850-900 അടി ലോഡ് കയറ്റാമെന്ന് കമ്ബനികള്‍ ഉറപ്പ് നല്‍കുമ്ബോള്‍ 450 അടിയില്‍ കൂടുതല്‍ കയറ്റിയാല്‍ ഗതാഗത വകുപ്പ് ചുമത്തുന്ന പിഴ 80,000 രൂപയാണ്. ഇത്തരം രീതികള്‍ തിരുത്തിയാല്‍ തന്നെ ഇപ്പോഴുണ്ടായ ഭീമമായ വര്‍ധന ഒരു പരിധിവരെ കുറക്കാനാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.