അതിരമ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം ഡെസ്ക്
കോട്ടയം: എം.ജി സർവകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാർത്ഥിയായ തിരുവല്ല സ്വദേശിയിൽ നിന്നും ആർപ്പൂക്കര സ്വദേശിയായ ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കും പങ്കെന്ന സംശയത്തിൽ വിജിലൻസ്. എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസി സി.ജെയെയാണ് ശനിയാഴ്ച കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എം.ബി.എ വിദ്യാർത്ഥിയ്ക്കു സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും നൽകുന്നതിന് ഇവർ ഒറ്റയ്ക്കാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന മൊഴി വിജിലൻസ് സംഘം പൂർണമായും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എൽസിയുടെ അക്കൗണ്ടും ഫോൺ വിശദാംശങ്ങളും പരിശോധിക്കുന്നതിന് പൊലീസ് ഒരുങ്ങുന്നത്.
നാലു തവണകളായി 1.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ എൽ.സി കൈപ്പറ്റി എന്നാണ് വിജിലൻസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു സർട്ടിഫിക്കറ്റിനു വേണ്ടി ഇവർ ഇത്രയും ഭീമമായ തുക കൈപ്പറ്റിയത് തനിച്ചാണ് എന്നു വിശ്വസിക്കാൻ വിജിലൻസ് സംഘത്തിന് സാധിച്ചിട്ടില്ല. ഇവരോടൊപ്പം ആറ് ഉദ്യോഗസ്ഥർ കൂടി ഈ അഴിമതിയ്ക്കു പിന്നിലുണ്ടെന്ന സൂചനയും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംശയത്തിന്റെ മുനയിൽ നിൽക്കുന്ന ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ അറസ്റ്റിലായ എൽസിയെ കസ്റ്റഡിയിൽ എടുത്ത് വിജിലൻസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇവർ പരിശോധിച്ചിരുന്ന എല്ലാ ഫയലുകളും വിജിലൻസ് കസ്റ്റഡിയിൽ എടുക്കും. ഈ ഫയലുകളിൽ ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ ഇവരെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതിനും വിജിലൻസ് സംഘം ആലോചിക്കുന്നുണ്ട്. കൈക്കൂലിത്തുക വീതം വച്ചു നൽകിയിട്ടുണ്ടെങ്കിൽ ഇത് ആർക്കൊക്കെ എപ്പോഴൊക്കെ നൽകി എന്ന വിവരവും വിജിലൻസ് സംഘം പരിശോധിക്കും. ഇതിനായി തിങ്കളാഴ്ച വിജിലൻസ് സംഘം എം.ജി സർവകലാശാലയിൽ എത്തും. തുടർന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാവും തുടർ നടപടികൾ.
ഇതിനിടെ, എൽസിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ എടുക്കാൻ വിജിലൻസ് സംഘം അപേക്ഷ നൽകിയേക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വിജിലൻസ് അപേക്ഷ നൽകിയേക്കും.
എം.ബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്നു, എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിയുടെ പക്കിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് എംബിഎ വിദ്യാർത്ഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.