തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോർട്ട് നൽകിയത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.
എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ചുകേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിൻെറ ഇപ്പോഴത്തെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോർട്ട് എന്നാണ് വിവരം. ഈ റിപ്പോർട്ടുകളും വൈകാതെ കോടതിയിലെത്തും.
മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ വിഎസാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലൻസാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്. ബിഡിജെഎസ് ബിജെപിക്കൊപ്പം ചേർന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാനായി സർക്കാർ നിയമിക്കുന്നത്. അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിൻെറ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.