ഫ്ലോറിഡ: ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെടുന്ന മിൽട്ടൺ ചുഴലിക്കാറ്റ് പ്രദേശിക സമയം നാളെ പുലർച്ചെ ഫ്ലോറിഡ തീരം തൊടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അഭ്യർത്ഥിച്ചു. അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
ആളുകൾ കൂട്ട പലായനം ചെയ്യുന്നതിനാൽ ഹൈവേകളിലുൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. പല പ്രദേശങ്ങളിലും ചുവപ്പ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. റ്റാംപ, സെന്റ് പീറ്റേഴ്സ്ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ സർവീസ് നിറുത്തി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണിതെന്നാണ് ജോ ബൈഡൻ അറിയിച്ചത്. രണ്ടാഴ്ച മുമ്ബ് ‘ഹെലൻ’ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറും മുമ്ബാണ് മിൽട്ടൺ കര തൊടുന്നത്. 200ലധികം പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.