ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക് സിനിമയെ പ്രശംസിച്ച് മന്ത്രി ബിന്ദു രാധാകൃഷ്ണൻ. പ്രമേപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണെന്ന് മന്ത്രി കുറിച്ചു. നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
“മുഖ്യമായും സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നിൽക്കുന്ന സിനിമ എന്ന് കേട്ടതിനാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു പേരും മികച്ച അഭിനേതാക്കളെന്ന നിലയിൽ സ്നേഹാദരങ്ങlളോടെ കാണുന്നവർ ആയതിനാലും റിലീസ് ചെയ്ത ദിവസം തന്നെ “ഉള്ളൊഴുക്ക്” കാണാൻ പോയി. പ്രമേപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“കുടുംബം” എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം“ തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ. മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ച്ചക്കായി വെക്കേണ്ട പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട്, ചിത്രം.
മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്. പക്ഷേ, അവസാനഭാഗം വീണ്ടും സാംപ്രദായികതയുടെ പരിമിതവൃത്തത്തിലേക്കുള്ള തിരിച്ചു പോക്കായോ എന്ന് സംശയം തോന്നായ്കയില്ല. നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണേ..ഈ ലോകം പെണ്ണുങ്ങളുടേതു കൂടിയാണല്ലോ..”, എന്നാണ് മന്ത്രി കുറിച്ചത്.
ജൂണ്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.