ന്യൂസ് ഡെസ്ക് : സംഘപരിവാറിനെതിരെ വിമര്‍ശനമുയര്‍ത്തി മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തൊഴിലുറപ്പു പദ്ധതി രാജ്യത്തിനാകെ മാതൃകയാകും വിധത്തില്‍ കേരളം നടപ്പാക്കുമ്പോള്‍ അത് മോദി സര്‍ക്കാര്‍ ചെയ്തതാണ് എന്ന് പ്രചരിപ്പിക്കാൻ അസാമാന്യമായ നെറികേടും തൊലിക്കട്ടിയും വേണമെന്നും എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.നേരും നെറിയും ഇല്ലെന്നത് പോകട്ടെ, ലജ്ജ എന്നൊരു വികാരം പോലും സംഘപരിവാറിന് ഇല്ലേ? എന്നും എം ബി രാജേഷ് ചോദിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയത് കേരളത്തിലാണെന്നും മന്ത്രി കുറിച്ചു.
തൊഴിലുറപ്പ് ക്ഷേമനിധിയിലെ പ്രധാന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും മന്ത്രി പങ്കുവെച്ചു. മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്തയുടെ കൂടെ പ്രധാനമന്ത്രിയുടെ പടം കൂടി ചേര്‍ത്ത്, ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നതാണ് എന്ന വ്യാപക പ്രചാരണമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത് എന്നും മന്ത്രി വ്യക്തമാക്കി. ഈ വ്യാജ പ്രചാരണത്തിന്റെ സത്യം ജനങ്ങളിലെത്തിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി കുറിച്ചു. വ്യാജ വാര്‍ത്തകള്‍ക്കും മോഷണശ്രമങ്ങള്‍ക്കുമെതിരെ കരുതിയിരിക്കുക എന്നും മന്ത്രി വ്യക്തമാക്കി.