തിരുവനന്തപുരം : കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വരുന്നത് സമൂഹത്തിന്റെ രോഗാതുരതയെയാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.ശാരദ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി തന്നെ വായിച്ചിരുന്നു. നമ്മുടെ നാട്ടില്‍ എന്തൊരു മാനസികാവസ്ഥയാണ് രൂപപ്പെട്ടുവരുന്നത്, താൻ സ്പീക്കറായിരിക്കുമ്ബോള്‍ ഒരു റൂളിങ്ങില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിറം, ശാരീരികമായ പ്രത്യേകതകള്‍, ജാതി , മതം ഇങ്ങനെയുള്ള വ്യക്തി അധിക്ഷേപം അത് ഒരു തരം രോഗാതുരതയാണ്. ചീഫ് സെക്രട്ടറി മാത്രമല്ല ദൈനംദിനം എത്രയധികം പേർ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ആർഎല്‍വി രാമകൃഷ്ണൻ അതിനൊരു ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി ചോദിച്ച ചോദ്യം നമ്മള്‍ എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ്. ശാരദ മുരളീധരന് ഇങ്ങനൊരു അനുഭവം നേരിട്ടത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ഇത് നമ്മള്‍ സംസ്കരിക്കേണ്ട മറ്റൊരു മനോഭാവമാണ്. ചീഫ് സെക്രട്ടറിയുടെ ധൈര്യം അഭിനന്ദാർഹമാണ്, അതുകൊണ്ടാണ് ഇതൊരു ചർച്ചയായി ഉയർന്നുവന്നത്. ഇല്ലെങ്കില്‍ അതും നിശബ്ദമായി പോയേനെ. ചീഫ് സെക്രട്ടറിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാന്‍ ശാരദയാണ്, ഞാന്‍ കറുപ്പാണ്, കറുപ്പ് എന്റെ അഴകിനെ കുറയ്ക്കുകയല്ല, കൂട്ടുകയാണ്: ശാരദ മുരളീധരന്‍
എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നുമാണ് ശാരദ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റേയും ദൗര്‍ഭാഗ്യത്തിന്റേയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സര്‍വവ്യാപിയായ സത്യമാണെന്നും ശാരദ കൂട്ടിച്ചേര്‍ത്തു.
കറുപ്പ് വൃത്തികേടല്ലെന്നും പകരം വൃത്തിയാണെന്നും മനസിലാക്കിയാല്‍ മാത്രമേ കറുപ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണകളില്‍ നിന്ന് നമ്മുക്ക് പുറത്തുകടക്കാനാകൂ. ഞാന്‍ ശാരദയാണെന്നും ഞാന്‍ കറുപ്പെന്നും അംഗീകരിക്കാനും കറുപ്പ് എന്റെ അഴകിനോ സ്വഭാവത്തിനോ കുറവുവരുത്തുന്നതല്ല മറിച്ച് കൂട്ടുന്നതാണെന്ന് തിരിച്ചറിയാനും തനിക്ക് സാധിച്ചുവെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. താന്‍ മുന്‍പ് തന്റെ കറുപ്പില്‍ നിന്ന് ഒളിച്ച് നടക്കാന്‍ നോക്കിയിരുന്നെന്നും ഇപ്പോഴത് മാറിയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട ഒരു കമന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
കേരളമായതിനാലാണ് തന്റെ പോസ്റ്റ് ഇത്രയേറെ ചര്‍ച്ചയായതെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. പോസ്റ്റിന് മികച്ച പ്രതികരണമുണ്ടായി. നവകേരളത്തിന്റെ പ്രത്യേകതയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ ഫേസ്ബുക്കില്‍ കുറിച്ചത്. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി.