കോട്ടയം : പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൺസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൺസാമ്മയെ അഭിനന്ദിക്കാനും പാട്ട് നേരിട്ട് ആസ്വദിക്കാനുമാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തിയത്.
സരസ്മേളയിൽ അറുപത്തിയൊൻപതുകാരി അൽഫോൺസാമ്മ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു.
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിച്ച അച്ചാമ്മ ടീച്ചർ ദിവസവും പാട്ട് പാടിക്കുമായിരുന്നു. അങ്ങനെ പാട്ട് പാടി പഠിച്ചു. പിന്നീട് പത്താം ക്ലാസിന് ശേഷം പഠിത്തം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം മാത്രം ബാക്കി നിന്നു. തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പെടെ നിരവധി പ്രമുഖർ പാട്ടുകൾക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ അൽഫോൺസാമ്മയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം.പ്രതിഫലം വാങ്ങാതെയാണ് വേദികളിൽ പാടുന്നത്. ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വേദിയിൽ പാട്ടുകൾ പാടാൻ വർഷങ്ങളായി അൽഫോൺസ എത്താറുണ്ട്.
കിടങ്ങൂർ ശ്രീമുരുകൻ തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ കേട്ട് പഠിച്ച ‘തൃഷ്ണ’ സിനിമയിലെ ‘മൈനാകം…’ എന്ന പാട്ട് അൽഫോൺസ മന്ത്രിക്കായി പാടി. ലൈഫ് മിഷൻ വഴി വീട് അനുവദിച്ചിട്ടുള്ള കാര്യം മന്ത്രി എം.ബി. രാജേഷ് അൽഫോൺസയോട് പറഞ്ഞു.
തന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യാമെന്ന് വാഗ്ദാനവും ചെയ്തു. തദ്ദേശ വകുപ്പിന്റെ പരിപാടിയിൽ പാടാൻ ക്ഷണിക്കുമെന്നും എത്തണമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിയത്. ഭർത്താവ് കെ.ജി. ചെല്ലപ്പനും അൽഫോൺസയ്ക്കും കിട്ടുന്ന വാർധക്യ പെൻഷനാണ് വരുമാനമാർഗം. മൂന്നു പെൺമക്കളിൽ മൂത്ത രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഒപ്പമുള്ള ഇളയ മകൾ രേവതി ബി.കോം പഠനം പൂർത്തിയാക്കി മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ പാട്ടുകൾക്കൊണ്ട് അതിജീവിക്കുകയാണ് ഈ ഗായിക. പാട്ട് വൈറലായതോടെ നിരവധി ചാനലുകളിലേക്കും പ്രോഗ്രാമുകളിലേക്കും അൽഫോൺസയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രകാശ് പി. നായർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.