തിരുവല്ല : വരട്ടാറില്‍ നീരൊഴുക്ക് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദ്ദേശം. ഓതറ സ്വദേശിയായ എന്‍. തോമസിന്റെ പരാതി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ പരിഗണിക്കവേയാണ് മന്ത്രി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്.വരട്ടാര്‍ റെയില്‍വേ പാലത്തിന് സമീപമാണ് തോമസും കുടുംബവും താമസിക്കുന്നത്. വേനല്‍ക്കാലമായതോടെ വരട്ടാര്‍ നീരൊഴുക്കില്ലാതെ ഏറെക്കുറെ നിര്‍ജീവമായ അവസ്ഥയിലാണ്.
പായലും പോളയും നിറഞ്ഞ വരട്ടാറില്‍ നിന്നുള്ള മലിനജലംകിണറുകളിലേക്ക് ഊറ്റുറവയായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇവിടെയുള്ള പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും പാമ്പ്, കീരി, നീര്‍നായ് എന്നിവയുടെയെല്ലാം ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണെന്നും തോമസ് മന്ത്രിയെ അറിയിച്ചു.