കേരള സ്റ്റോറിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിന്റെ കൂലി: രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദ കേരള സ്റ്റോറിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിന്റെ ‘കൂലി’യാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പടച്ചുവിട്ട ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗണ്ട സിനിമ ചെയ്തതിന് അതിന്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കിയത് രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

‘നുണക്കഥകള്‍ കുത്തിനിറച്ചിറക്കി തനി വര്‍ഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിര്‍മിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്. പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സര്‍ക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്’, മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ചിത്രത്തിന് പുരസ്കാരം നൽകിയതിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചത്. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം’, പിണറായി വിജയന്‍ പറഞ്ഞു.

കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ദ കേരള സ്റ്റോറിക്ക് രണ്ട് പുരസ്കാരങ്ങളായിരുന്നു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

Hot Topics

Related Articles