ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്‌സുകള്‍ക്കും ജൂലൈ ഒന്നിന് തുടക്കമാകും. തിരുവനന്തപുരം വനിതാ കോളേജില്‍ വിജ്ഞാന ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അടിസ്ഥാനപരമായ മാറ്റമാണ് നാലുവർഷ ബിരുദ കോഴ്സ്. പ്രത്യേക സമിതിയാണ് അക്കാദമിക് കലണ്ടർ തയ്യാറാക്കിയത്. പരീക്ഷകള്‍ ഒരേസമയം നടക്കുന്ന രീതിയിലാണ് അക്കാദമിക് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ബിരുദ വിദ്യാർത്ഥികള്‍ക്കും മൂന്ന് വർഷം കൊണ്ട് ബിരുദം കരസ്ഥമാക്കാനാകും. വേണമെങ്കില്‍ നാലാം വർഷം കൂടെ പേടിച്ച് ഹോണേഴ്‌സ് ബിരുദം നേടാനാകും എന്ന തരത്തിലാണ് 4 വർഷ ഡിഗ്രി കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാനും ഈ നയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.