കോട്ടയം : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അക്ഷരനഗരിയിൽ ഉജ്ജ്വല സ്വീകരണം. കോട്ടയത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആവേശത്തോടെയാണ് പ്രവർത്തക കൺവെൻഷനിലേക്ക് എത്തിച്ചേർന്നത്. ഏഴരപ്പതിറ്റാണ്ട് കാലമായി ആദർശത്തിൽ വിള്ളൽ വീഴ്ത്താതെ മതസാഹോദര്യത്തിന്റെ രാഷ്ട്രീയം കേരളത്തിൽ കാഴ്ചവെക്കുന്ന മുസ്ലിംലീഗിന് ലഭിക്കുന്ന അംഗീകാരമാണ് ഓരോ ജില്ലയിലെയും മത, സാംസ്‌കാരിക നേതാക്കൾ നൽകുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖാഇദെ മില്ലത്തിന്റെ പാത പിൻപറ്റിയതിലൂടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് സാധിച്ചു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹം ഉന്നതിയിലേക്ക് നയിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സംഘടിച്ചപ്പോൾ നാം ശക്തരായി. ഈ ഹരിതപതാകയുടെ കീഴിൽ സംഘടിച്ചതിന്റെ ഫലമാണ് കേരളത്തിലെ ന്യൂനപക്ഷ സമൂഹം അനുഭവിക്കുന്നത്- തങ്ങൾ പറഞ്ഞു.
കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ) നമുക്ക് ഉത്തമമായ മാതൃകയാണ്. മറ്റുള്ളവർക്ക് മാതൃകയാകണമെങ്കിൽ ആ സ്നേഹത്തിന്റെ സന്ദേശമാണ് നാം പ്രചരിപ്പിക്കേണ്ടത്. ബഹുസ്വര സമൂഹത്തിൽ പ്രവാചക മാതൃക ഏറ്റവും പ്രസക്തമാകുന്നു. ഇസ്ലാമിക മൂല്യങ്ങൾ മറ്റാരെയും ഭയപ്പെടുത്താനുള്ളതല്ല. സമൂഹത്തിന്റെ പൊതുവായ പുരോഗതിയെയാണ് ആ മൂല്യങ്ങൾ ലക്ഷ്യം വെക്കുന്നത്. മുസ്ലിംലീഗ് പിന്തുടർന്നത് ഈ മാതൃകയാണ്. നാം ന്യൂനപക്ഷ ശാക്തീകരണം സാധ്യമാക്കിയത് മറ്റെല്ലാ സമൂഹങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ടാണ്. രാജ്യത്തിന്റെ വ്യവസ്ഥകളെ അംഗീകരിച്ചുകൊണ്ടാണ്. ജനാധിപത്യത്തിന് ശക്തി പകർന്നുകൊണ്ടാണ്. – തങ്ങൾ വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സമാധാനപരമായി ജീവിക്കുന്ന കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ പീഡനങ്ങൾക്കാണ് ന്യൂനപക്ഷം ഇരയാകുന്നത്. ഈ സാഹചര്യത്തെ മറികടക്കാൻ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിന്ന് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. കറുപ്പ് കണ്ടാൽ പേടിക്കുന്നവരായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി.
അസഹിഷ്ണുത മുഖമുദ്രയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് അഡ്വ. പി.എം.എ സലാം, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ രണ്ടത്താണി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ബീമാപ്പള്ളി റഷീദ്, ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, ലോയേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രസംഗിച്ചു. ഹസൻ ലാൽ നന്ദി പറഞ്ഞു.