റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും.മോഡലും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യവുമായ 27കാരി റൂമി അല്ഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പില്‍ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അല്‍ഖഹ്താനി. കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സല്‍മാനു കീഴില്‍ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങള്ക്കുമുന്പു വരെ സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കില് ഇപ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളില്‍ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികള്‍ ആസ്വദിക്കാൻ അനുമതി നല്‍കിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു.