ഐസ്വാൾ : മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് ഡിസംബര്‍ മൂന്നായിരുന്നു. ഇപ്പോള്‍ അത് ഡിസംബര്‍ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച വോട്ടെണ്ണല്‍ നടത്തുന്നതില്‍ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തെ നിരവധി ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മിസോറാം എൻ.ജി.ഒ കോര്‍ഡിനേഷൻ കമ്മിറ്റി (എൻ.ജി.ഒ.സി.സി) പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മുൻപ് നിശ്ചയിച്ചപ്രകാരം നടക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.