തിരുവനന്തപുരം: നിയമസഭയില്‍ കൊമ്ബുകോർത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.കെ. ശൈലജ എം.എല്‍.എയും. നിയമസഭയിലെ 2025-26 സാമ്ബത്തിക വർഷത്തെ ബജറ്റ് ചർച്ചക്കിടയിലാണ് ഇരുവരും തർക്കത്തിലേർപ്പെട്ടത്.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാൻ മത്സരമാണെന്നും ഈ സാഹചര്യത്തില്‍ ഭരണം കിട്ടിയാല്‍ എങ്ങനെ ഭരിക്കുമെന്നുമായിരുന്നു കെ.കെ. ശൈലജയുടെ ചോദ്യം.
എല്‍.ഡി.എഫ് സർക്കാറിന് വികസന തുടർച്ചയുണ്ടാകുമെന്നും കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന വികസനം തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നായിരുന്നു കെ.കെ. ശൈലജയുടെ പരാമർശം. ഇനി അഥവാ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കുമെന്നും അവർ ചോദിച്ചു. നിങ്ങള്‍ക്ക് എല്ലാവർക്കും മുഖ്യമന്ത്രിയാകണ്ടെ. എന്തൊരു പാർട്ടിയാണിത്. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നതെന്നും മട്ടന്നൂർ എം.എല്‍.എ പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് പോലെ ഇന്ത്യ ഭരിച്ചിരുന്ന ഒരു പാർട്ടിയുടെ അപചയമാണിത്. മുഖ്യമന്ത്രിയാകുക എന്നതൊക്കെ പീന്നീടുള്ള കാര്യങ്ങളല്ലേ. ഇപ്പോള്‍ ചർച്ച ചെയ്യേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളല്ലേയെന്നും ശൈലജ ചോദിച്ചു. ഒരാള്‍ പറഞ്ഞത് മുഖ്യമന്ത്രിയാകാൻ ഞാൻ ഡല്‍ഹിയില്‍നിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോഴാണ് ഞങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്ന് മുസ്‍ലിം ലീഗിന് തോന്നിയത്.-ശൈലജ പറഞ്ഞു.
പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയില്‍ താൻ ഇതിന് മറുപടി പറയേണ്ടേ എന്ന് ചോദിച്ചാണ് വി.ഡി. സതീശൻ തുടങ്ങിയത്. കോണ്‍ഗ്രസില്‍ അഞ്ചാറ് മുഖ്യമന്ത്രിമാർ ഉണ്ടെന്നും പാർട്ടി നശിച്ചുപോയെന്നുമാണ് ശൈലജ ടീച്ചർ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. ശൈലജ ടീച്ചർക്ക് വലിയ വിഷമം ഉണ്ടാകും. കാരണം ടീച്ചർ ഒരു പി.ആർ ഏജൻസിയെ ഒക്കെ വെച്ച് മുഖ്യമന്ത്രിയാകാൻ ഇറങ്ങിയതുകൊണ്ടാണ് ട്രഷറി ബെഞ്ചില്‍ ഇരിക്കേണ്ട ടീച്ചർ ഇപ്പോള്‍ പിറകില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ലെന്നും പുറത്തുള്ള കുറച്ച് ആളുകളും മാധ്യമങ്ങളും ചേർന്ന് നല്‍കുന്ന പ്രചാരണങ്ങളാണ് ഇവയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.