പാലക്കാട്: മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ ചൂണ്ടിക്കാണിച്ചാല്‍ പുറത്താക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ആറുമാസം സമയം തരാമെന്നും ഒരാളെയെങ്കിലും ഈ കാരണത്താല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം.വി. ഗോവിന്ദന് സാധിക്കുമോ എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.
പാർട്ടി അംഗങ്ങള്‍ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ടെന്നുമായിരുന്നു എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. ‘ഞങ്ങളുടെ പാർട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടില്‍ വളർന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും’ -അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുപിന്നാലെയാണ് ബല്‍റാം രംഗത്തെത്തിയത്. ‘എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെ പാർട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം വി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം. രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതു തലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നത്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ലഹരിവിപണനവും ഉപയോഗവും കേരളത്തില്‍ സജീവമാകുന്നുണ്ടെന്നും അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങളെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.