മല്ലപ്പള്ളി : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മണി മലയാറ്റിൽ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്. ശനിയഴ്ച വൈകുന്നേരം നാലരയോടെ മല്ലപ്പള്ളി വലിയപാലത്തിന് സമീപം വടക്കൻ കടവിലാണ് അപകടം. മല്ലപ്പള്ളി പരിയാരത്ത് ഫുട്ബോൾ ടൂർണമെന്റിന് എത്തിയതായിരുന്നു റിക്സണും സുഹൃത്തുകളും . ടൂർണമെന്റ് കഴിഞ്ഞ് മടങ്ങവെയാണ് കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരയ്ക്ക് കയറിയതിനു ശേഷം ചെരുപ്പിൽ ചെളി പറ്റിയത് കഴുകാനായി മൂന്നുപേർ വീണ്ടും ആറ്റിലേക്ക് ഇറങ്ങിയത്. രണ്ടുപേരെ മറ്റു സുഹൃത്തുകൾ മുളയിട്ട് കൊടുത്ത് രക്ഷിച്ചെങ്കിലും റിക്സൺ ഒഴുക്കിൽപ്പെടുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും രക്ഷിക്കാനായില്ല. കീഴ് വായ്പ്പൂര് സിഐ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുളള പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഷാജി, റീന ദമ്പതികളുടെ മകനാണ് റിക്സൺ. സഹോദരി റോസ്മി. മുൻ എംഎൽഎ ജോസഫ് എം പുതുശേരി, കേരള കോൺഗ്രസ് ഉന്നതാധികാരി സമിതിയംഗം കുഞ്ഞുകോശി പോൾ, പഞ്ചായത്തംഗങ്ങളായ ബിജു പുറത്തൂടൻ , വിദ്യാ മോൾ , സാം പട്ടേരി, രോഹിണി ജോസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.