മലപ്പുറം: തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്നു മൊഴി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചു. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനില്‍ നിന്നു പോയത്. എന്നാല്‍ ഇവര്‍ വിഷ്ണുവിന്റെ വീട്ടില്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. ചോദ്യം ചെയ്യലിലാണ് വിഷ്ണു മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.