കൊൽക്കത്ത: ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്ബ് പ്രതി ആശുപത്രി പരിസരത്ത് വച്ച് മദ്യപിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാണുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിയുടെ പിൻവശത്ത് പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
പരിശോധനയ്ക്കിടെ സഞ്ജയ് റോയിയുടെ മൊബൈൽ ഫോണിൽ നിന്ന് അക്രമാസക്തമായ നിരവധി അശ്ലീല വീഡിയോകൾ പൊലീസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മൊബൈൽ ഇത്തരം വീഡിയോകളാൽ നിറഞ്ഞിരുന്നു, ഇത് മാനസിക രോഗിയോ അല്ലെങ്കിൽ വികൃത സ്വഭാവമുള്ള വ്യക്തിയോ ആണെന്നതിന് തെളിവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുലർച്ചെ രണ്ട് മണിയോടെ വനിതാ ഡോക്ടർ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നതിനായി സെമിനാർ ഹാളിലേക്ക് പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് കൃത്യം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന ചെസ്റ്റ് മെഡിസിൻ വിഭാഗത്തിന് രണ്ട് പ്രവേശന പോയിന്റുകളുണ്ട്. കുറ്റകൃത്യം നടന്ന രാത്രിയിൽ, ഈ പ്രവേശന കവാടങ്ങളിലൊന്ന് അടച്ചു, പിൻവാതിൽ തുറന്നു. ഇതിലൂടെയാണ് പ്രതി സഞ്ജയ് വനിതാ ഡോക്ടർക്ക് അടുത്ത് എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ മറ്റ് ചിലരുടെ സാന്നിദ്ധ്യവും ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളുമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ സിവിക് പൊലീസ് വോളന്റിയറായ സഞ്ജയ്ക്ക് അന്നേ ദിവസം ഈ പ്രദേശത്ത് വരേണ്ട കാര്യമില്ലായിരുന്നു. വികൃതമായ മനസിനുടമയായ ഇയാൾ അന്ന് കണ്ടിരുന്നത് സാധാരണ ആളുകൾ കാണുന്ന തരത്തിലുള്ള അശ്ലീല വിഡിയോകൾ അല്ലായിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകിക്കളയാൻ ശ്രമിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പുലർച്ചെ 4:45 ഓടെ സെമിനാർ മുറിയിൽ നിന്ന് റോയ് ഇറങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കുറ്റകൃത്യത്തിന് ശേഷം, റോയ് നാലാം ബറ്റാലിയന്റെ ബാരക്കിലേക്ക് പോയി അവിടെ കിടന്നുറങ്ങുകയായിരുന്നു. ഇതേ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്ത ഇയാൾ അപ്പോഴും മദ്യലഹരിയിലായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത അനുസരിച്ച് കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കർശനമായ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി മമത ബാനർജി വേണ്ടിവന്നാൽ പ്രതിയെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്നും പ്രതികരിച്ചിരുന്നു.
പ്രതി നാല് വിവാഹം ചെയ്തിട്ടുണ്ടെന്നും മൂന്നു പേരും ഉപേക്ഷിച്ചു പോയെന്നും അയൽവാസികൾ അറിയിച്ചു. ലഹരിക്കടിമായായിരുന്നെന്നും പറയുന്നു. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.