കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ഡി ഐ ജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്.

രണ്ട് ചാർജറുകളും രണ്ട് ഇയർ ഫോണുകളും കൂടി പരിശോധനയിൽ കണ്ടെത്തി. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നേരത്തെ ജയിലിലെ കല്ലിന് അടിയിൽ നിന്നുമടക്കം മൊബൈൽ കണ്ടെത്തിയിരുന്നു. നിരവധി രാഷ്ട്രീയ കേസുകളിലടക്കം പ്രതിയായവർ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഫോണുകൾ പിടികൂടുന്നത് ഇത് ആദ്യത്തെ സംഭവമല്ല.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായി ജയിൽ പുള്ളികളിൽ നിന്നും ഫോണുകൾ കണ്ടെത്തുന്നത് അധികൃതർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ജയിലുകളിൽ മൊബൈൽ ഫോണുകൾ എത്തുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും ഫോൺ കണ്ടെത്തിയത്. സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഫോണുകൾ സുലഭമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ണൂരിലെ തളാപ്പിൽ ഒരു കെട്ടിട വളപ്പിലെ കിണറ്റിൽ ഒളിച്ചിരിക്കുമ്പോൾ ഇയാൾ പോലീസിന്റെ പിടിയിലാകുകയായിരുന്നു.

സംഭവത്തിൽ ജയിൽ അധികൃതർക്ക് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് മൂന്ന് പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഗോവിന്ദച്ചാമിയെ പിന്നീട് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.