ദില്ലി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മൊബൈൽ ഫോൺ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകൾക്കും പണം നൽകേണ്ടി വരും. ഫോൺ നമ്പർ പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം. കൂടാതെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നും നമ്പറിന് ചാർജ് ചുമത്തിയേക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ഭാരം വരുത്തുന്നതാണ് നടപടി. ഡാറ്റാ പ്ലാനുകൾക്ക് വില ഉയരാനും തീരുമാനം കാരണമാകുമെന്നും വിശകലന വിദഗ്ധരും വ്യവസായ മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നു.
സ്‌പെക്‌ട്രം പോലെ, നമ്പറിംഗ് സ്‌പെയ്‌സിൻ്റെ ഉടമസ്ഥാവകാശം ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലാണെന്നും ലൈസൻസുകളുടെ കാലയളവിൽ നിയുക്ത നമ്പർ റിസോഴ്‌സിൻ്റെ മേൽ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഉപയോഗാവകാശം മാത്രമേ നൽകുന്നുള്ളൂവെന്നും ട്രായ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ പാസാക്കിയ പുതിയ ടെലികോം നിയമത്തിൽ ‘ടെലികോം ഐഡൻ്റിഫയറുകൾ’ എന്നറിയപ്പെടുന്ന നമ്പറുകൾക്ക് ചാർജ് ചെയ്യാമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഒന്നുകിൽ ഒരു നമ്പറിന് ഒറ്റത്തവണ ചാർജ് ഈടാക്കുകയോ അല്ലെങ്കിൽ വാർഷിക നിരക്ക് ഈടാക്കുകയോ അല്ലെങ്കിൽ കേന്ദ്രീകൃതമായി സർക്കാർ നടത്തുന്ന ലേലത്തിൽ നമ്പറിംഗ് സീരീസ് വാങ്ങി അനുവദിക്കുകയോ ചെയ്യാമെന്ന് ട്രായ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപയോഗിക്കാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകൾ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നോ വരിക്കാരിൽ നിന്നോ ടെലിഫോൺ നമ്പറുകൾക്ക് ഫീസ് ഈടാക്കുന്ന നിരവധി രാജ്യങ്ങളെ ട്രായ് ഉദ്ധരിച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബെൽജിയം, ഫിൻലാൻഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബൾഗേറിയ, കുവൈറ്റ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ നമ്പറുകൾക്ക് പണമീടാക്കുന്നതായും ട്രായ് പറഞ്ഞു.
ട്രായിയുടെ നീക്കത്തിനെതിരെ ഈ രംഗത്തെ വിദഗ്ധർ രംഗത്തുവന്നു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം ചുമത്തുന്നതാണ് നടപടിയെന്നും ഉപയോഗിക്കാത്ത നമ്പറുകൾക്ക് റീഫ്രഷിങ് കാലാവധി നൽകി വീണ്ടും അനുവദിക്കുകയാണ് പരിഹാരമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.