പീരുമേട് : താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ജില്ലാ വികസന കമ്മീഷ്ണര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് കോണ്‍ ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. യോഗത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അധ്യക്ഷത വഹിച്ചു.
ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, ശുദ്ധജലം, വൈദ്യുതി, സുരക്ഷിതമായ മേല്‍ക്കൂര, ഡ്രൈനേജ് സൗകര്യം എന്നിവ ഉറപ്പുവരുത്തുക, തോട്ടങ്ങളിലെ ദുരന്ത പ്രതിരോധ നടപടികളുടെ അവലോകനം, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവലോകനം, വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തോട്ടങ്ങളില്‍ നിന്നും എന്‍ഒസി ലഭിച്ചിട്ടില്ലാത്ത സാഹചര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് യോഗം ചേർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ കണക്കുകൾ പ്രകാരം പീരുമേട് താലൂക്കിൽ 50 ഓളം എസ്റ്റേറ്റുകളിലായി (പൂട്ടി കിടക്കുന്നതുൾപ്പെടെ) ആയിരത്തിനു മുകളിൽ ലയങ്ങളാണുള്ളത്. 3000 ഓളം കുടുംബങ്ങൾ (7000 ൽ അധികം ആളുകൾ) ലയങ്ങളിൽ അധിവസിക്കുന്നു. റവന്യു വകുപ്പ്, തൊഴിൽ വകുപ്പ്, പഞ്ചായത്ത് സംയുക്തമായി ലയങ്ങളിൽ പരിശോധനകൾ നടത്തി വരുന്നുണ്ട്. പ്രാഥമിക റിപ്പോർട്ട് ഡിഡിസി ആവശ്യപ്പെട്ടതിനെ തുടർന്ന് യോഗത്തിന് മുൻപായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നു. ലയങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ലഭ്യമാക്കാത്തതിൽ ഡിഡിസി താക്കീത് നൽകി. രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യോഗം ചേരാനും യോഗത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാനും അദ്ദേഹം കർശന നിർദേശം നൽകി.
അടിയന്തിരമായി റിലീഫ് കമ്മറ്റി വിളിച്ചു കൂട്ടണം, തോട്ടം മേഖലയിൽ അനുവദിച്ച 10 കോടി രൂപ തൊഴിലാളികൾക്ക് പ്രയോജനകമായ രീതിയിൽ വിനിയോഗിക്കണം, ലയങ്ങളിൽ നടക്കുന്ന പരിശോധന മികച്ച രീതിയിൽ നടത്തണം, മുഴുവൻ ലയങ്ങളും നന്നാക്കുന്നതിനുള്ള നടപടി ഉണ്ടാകണം, തീരുമാനം എടുക്കേണ്ട മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തിട്ടില്ല, ഇത്തരം ഉദാസീന നടപടികൾ അംഗീകരിക്കാൻ കഴിയില്ല,ലയങ്ങളിലെ ചോർച്ച, ശൗചാലയം, മുതലായ പ്രശ്നങ്ങളിൽ പരിഹാരം കാണണം, അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലയങ്ങൾ കൊടുക്കുകയും മറ്റുള്ളവർക്ക് കൊടുക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്നും ട്രേഡ് യൂണിയൻ പ്രതിനിധികൾ യോഗത്തിൽ ആവശ്യപെട്ടു.
11 എസ്റ്റേറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. വരാത്ത എസ്റ്റേറ്റ് മാനേജ്മെന്റുകൾക്ക് നോട്ടീസ് അയക്കുമെന്ന് ജില്ലാ വികസന കമ്മീഷണർ അറിയിച്ചു. 2 ആഴ്ച്ച കൊണ്ട് സംയുക്ത പരിശോധന പൂർത്തിയാക്കാനും ഡിഡിസി നിർദേശം നൽകി. ലയങ്ങളുടെ അവസ്ഥ വളരെ ശോചനീയാവസ്ഥയിലാണെന്നും പ്രശ്ങ്ങൾക്ക് അനുഭാവപൂർവ്വമായ നടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നതെന്നും പ്രാഥമിക നടപടി എന്നോണമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്, ട്രേഡ് യൂണിയൻ മുതലായവരെ ഉൾക്കൊള്ളിച്ച് സംയുക്ത യോഗം സംഘടിപ്പിച്ചതെന്നും ഡിഡിസി പറഞ്ഞു. ലയങ്ങളുടെ അറ്റകുറ്റ പണികൾ എത്രയും വേഗം പൂർത്തീകരിക്കുവാൻ പ്ലാന്റേഷൻ മാനേജ്മെന്റിന് നിർദേശം നൽകി. താലൂക്കിലെ എല്ലാ തോട്ടങ്ങളുടെയും ലിസ്റ്റും അവിടെയുള്ള ലയങ്ങളുടെ പൂർണ്ണ വിവരങ്ങളും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഓരോ വില്ലേജിലെയും പരിധിക്കുള്ളിലെ തോട്ടങ്ങളുടെയും താമസസ്ഥലങ്ങളുടെയും പൂർണവിവരങ്ങൾ സമാഹരിക്കാൻ വില്ലേജ് ഓഫീസർമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് , ജില്ലാ പഞ്ചായത്ത് അംഗം കെ ടി ബിനു, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, വണ്ടിപെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ , ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ശാലിനി എസ് നായർ, തഹസിൽദാർ (ഭൂരേഖ) സുനിൽ കുമാർ പി ഡി, പീരുമേട് ഡിവൈഎസ്പി സനൽ കുമാർ സിവി, ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍, സെക്രട്ടറിമാര്‍, തോട്ടം മാനേജിംഗ് ഡയറക്ടര്‍മാര്‍, തൊഴിലാളി യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.