പാലാ : സ്വകാര്യ ക്ലിനിക്കൽ ലാബിൽറേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി നൽകി വന്ന ടെക്നിഷനും സ്ഥാപന ഉടമയായ സ്ത്രീയും അറസ്റ്റിൽ. പാലാ ജനറൽ ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെൻ്ററിൽ റേഡിയോളജിസ്റ്റായ കാണക്കാരി എബിഭവനിൽ എം എബി (49), സ്ഥാപന ഉടമ ഇടനാട് മങ്ങാട്ട് റെനി സജി ജോൺ (52) എന്നിവരെയാണ് പാലാ എസ്ഐ വി എൽ ബിനുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് തയ്യാറാക്കി നൽകിയിരുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സോണോളജിസ്റ്റ് എന്ന വ്യാജേന ഗൈനക്കോളജി ഡോക്ടറായ ഡെന്നി ടി പോളിൻ്റെ പേര് വച്ചാണ് എബി ക്ലിനിക്കിൽ പരിശോധനാ റിപ്പോർട്ട് നൽകി വന്നത്. സ്ഥാപനത്തിൽ ബോർഡ് വച്ച് ഏഴ് മാസമായി ഇയാൾ ഇത്തരത്തിൽ വ്യാജ പരിശോധന റിപ്പോർട്ട് തയ്യാറാക്കി നൽകി വരികയായിരുന്നു.വ്യാജ രേഖ ചമച്ച് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും രോഗികൾക്ക് വ്യാജ പരിശോധനാ റിപ്പോർട്ട് നൽകി കമ്പളിപ്പിച്ച ഗുരുതര കുറ്റവുത്തിനുമാണ് എബിയുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജ ഡോക്ടറെ ഉപയോഗിച്ച് രോഗികളെ കബളിപ്പിച്ചതും തട്ടിപ്പിന് കൂട്ടുനിന്നതുമാണ് സ്ഥാപന ഉടമയ്ക്കെതിരെയുള്ള കുറ്റം. പരിശോധനാ റിപ്പോർട്ടിൽ സംശയം തോന്നിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽനിന്ന് പാലാ ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ഥാപനം റെയ്ഡ് ചെയ്താണ് വ്യാജ ഡോക്ടറെയും സ്ഥാപന ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തത്.