ദില്ലി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഫ്രാന്‍സിസ് പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. 2013 ലാണ് മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്നത്. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്
‘ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ദുഃഖത്തിന്റെ ഈ അവസരത്തിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പ എപ്പോഴും നിലകൊള്ളും. ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം സേവിച്ചു.
കഷ്ടപ്പെടുന്നവർക്ക്, അദ്ദേഹം പ്രത്യാശയുടെ ചൈതന്യം നൽകി. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചകളെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു, ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കാനാവാത്തതാണ്. ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.