ലഖ്നൗ: കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മോദിക്ക് ചരിത്രമറിയില്ലെന്നും ബി.ജെ.പി പയറ്റുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും ജയറാം രമേശ് പറഞ്ഞു. ലീഗിന്റെ മുദ്രപേറുന്നതെന്നതാണ് കോണ്‍ഗ്രസിൻറെ പ്രകടനപത്രികയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ചരിത്രമറിയില്ല. ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് മുഖർജി, ബംഗാളില്‍ മുസ്ലിം ലീഗിനൊപ്പം സഖ്യസർക്കാരിൻറെ ഭാഗമായിരുന്നു. സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും ഹിന്ദു മഹാസഭ മുസ്ലീം ലീഗുമായി സഖ്യത്തിലായിരുന്നു. ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നത് ബിജെപിയാണ്, കോണ്‍ഗ്രസല്ലെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും പൂർണമായി വേർപെട്ടു നില്‍ക്കുന്നതാണ് കോണ്‍ഗ്രസ് പാർട്ടി എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രകടന പത്രികയെന്നായിരുന്നു മോദിയുടെ വിമർശനം. സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന അതേ ചിന്താധാരയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും പ്രതിഫലിക്കുന്നത്. മുസ്ലിം ലീഗിന്റെ മുദ്രപേറിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. ബാക്കിയുള്ളിടത്ത് ഇടതുപക്ഷത്തിന്റെ ആധിപത്യവും, മോദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍, എൻ.ഡി.എ. മുന്നണി ഒരു ‘മിഷനി’ലാണ് (ദൗത്യം) ഉള്ളതെന്നും മോദി ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370-ല്‍ അധികം സീറ്റുകളില്‍ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടം. ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മിഷൻ കൈപ്പറ്റുന്നതിലായിരുന്നു. ഇന്ത്യ മുന്നണിയും അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ കൈപ്പറ്റാനാണ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ എൻ.ഡി.എയും മോദിസർക്കാരും ഒരു മിഷനിലാണെന്നും ഉത്തർ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.