വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ആറ് കിലോമീറ്റര്‍ ദുരം റോഡ് ഷോ നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോക്ക് മുന്‍പായി സാമൂഹിക പരിഷ്കര്‍ത്താവ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കാളികളായത്. ഗംഗയില്‍ മുങ്ങിക്കുളിച്ച ശേഷമാകും ചൊവ്വാഴ്ച മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വിധിയെഴുത്ത്.നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11.40നായിരിക്കും മോദി പത്രിക സമര്‍പ്പിക്കുക. ഇത്തവണ മോദിക്ക് ചരിത്രഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്.