പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പന്ത്രണ്ടാം തീയ്യതി നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ആഗോളതലത്തിൽ വലിയ ചലനം സൃഷ്ടിക്കുമ്പോഴാണ് മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്.
1968ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും തുടർന്ന് 1992ൽ റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണ പുതുക്കാനായാണ് മൗറീഷ്യസ് ദേശീയ ദിനം ആഘോഷിക്കുന്നത്. ഇത്തവണത്തെ ആഘോൽ പരിപാടികളിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് റൺധീർ ജെയ്സ്വാൾ എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിൽ കരാറിൽ ഏർപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്ദർശനം ഇന്ത്യ – മൗറീഷ്യസ് ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്ന് ഉറപ്പുണ്ടെന്ന് യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പ്രസ്താവനയിൽ പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലമാണ് മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചത്.
രണ്ട് ദിവസം മോദി മൗറീഷ്യസിലുണ്ടാകും. പോർട്ട് ലൂയിസ് വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രിയും ഭാര്യയും ചേർന്ന് മോദിയെ സ്വീകരിച്ചു. ഇവർക്ക് പുറമെ രാജ്യത്തെ 34 മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ഇരുന്നൂറോളം പേർ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.