ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ മാസികയായ ന്യൂസ് വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സുസ്ഥിരമായ ബന്ധം നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായി തുടരേണ്ടത് ഇന്ത്യക്കും ചൈനയ്ക്കും മാത്രമല്ല അത് ലോകത്തിനാകെ പ്രധാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മേഖലയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘അതിര്‍ത്തിയിലെ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം, അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ പ്രശ്ന്ങ്ങള് നമുക്ക് പരിഹരിക്കാനാകും,’പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ ചില പോയിന്റുകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏകദേശം നാല് വര്‍ഷമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇരുപക്ഷവും ഒന്നിലധികം തവണ നയതന്ത്ര, ഉന്നത സൈനിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാനും പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകവുമായ ഉഭയകക്ഷി ഇടപെടലുകളിലൂടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.