ന്യൂഡൽഹി: ബിബിസിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് ബിബിസി ഓഫീസുകളിലെ പരിശോധനയെ പരിഹസിച്ചത്.
ജയറാം രമേഷ് ഉൾപ്പെടെയുള്ള നേതാക്കളും പരിശോധനയ്‌ക്കെതിരെ രംഗത്തെത്തി. വിനാശകാലേ വിപരീതബുദ്ധി എന്നാണ് ജയറാം രമേഷ് ട്വീറ്റ് ചെയ്തത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്‌ബോഴും, കേന്ദ്ര സർക്കാർ ബിബിസിക്ക് പിന്നാലെ പോവുകയാണെന്ന് നേതാക്കൾ വിമർശിച്ചു. ‘ആദ്യം ബിബിസി ഡോക്യുമെന്ററി പുറത്തുവന്നു, അത് നിരോധിക്കപ്പെട്ടു. ഇപ്പോൾ ആദായ നികുതി വകുപ്പ് ബിബിസി ഓഫീസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിഷയത്തിൽ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനെന്ന് ബിജെപി ആരോപിച്ചു. സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലിട്ട തത്തയല്ല, സർക്കാർ ഏജൻസികളെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ബിജെപി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ നിയമം പാലിക്കാൻ ബിബിസി ബാദ്ധ്യസ്ഥരാണെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
സംഭവത്തിൽ ബിബിസിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇൻകംടാക്സ് (ഐടി) ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലുണ്ടെന്നും ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ബിബിസി ട്വീറ്റ് ചെയ്തു. പ്രശ്‌നം വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റിലൂടെ ബിബിസി അറിയിച്ചു.
ഡൽഹി, മുംബയ് എന്നിവിടങ്ങളിലെ ബിബിസിയുടെ ഓഫീസുകളിലാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്ഡ്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ബിബിസി ഓഫീസിലുണ്ടായിരുന്ന ചില മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.